Thursday, February 9, 2012

മൌനത്തില്‍ വളരുന്നത്‌...

ഹൃദയം ഹൃദയത്തില്‍ ഇടിച്ചിറങ്ങുന്നത് അളവുതൂക്കത്തിനു വഴങ്ങാതെ.
കാലത്തെ കലണ്ടറുകളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന കോമാളിത്തം. നീ പറയുന്ന ഉല്‍പ്പത്തിക്കു മുമ്പും കാലമുണ്ടായിരുന്നു, ജനിമൃതികളും.
അതൊന്നും ഓര്‍ക്കാതെ പാതകളുടെ നീളം അളന്നിരിക്കുന്നു. എത്രയോ ആയി നടപ്പ് തുടങ്ങിയിട്ട്. ഇല്ലിമരം ചാഞ്ഞു നില്‍ക്കുന്ന ഈ പുഴയോരത്തു നിന്നും എളുപ്പം ഒലിവുമരങ്ങളുടെ ദേശത്തു പോയി മടങ്ങുന്നു...
യാത്രകള്‍ ,
ചരടറ്റ പട്ടങ്ങള്‍ ...
പ്രണയത്തിന്റെ മധുര ചുംബനത്തെ കുറിച്ചൊരു പഥികന്‍ പാടുന്നു.
പാട്ട് കേള്‍ക്കുന്നവര്‍ ചുണ്ടിന്റെ നിറവും അളവും തിരയുന്നു.
ഗാനത്തിലായവരോ ആത്മാവിന്റെ മധുര നൊമ്പരം അനുഭവിക്കുകയും.

ഹൃദയം ഹൃദയത്തില്‍ ഇടിച്ചിറങ്ങുമ്പോള്‍ മരവിക്കുമെന്നോ? ശ്വാസം മുട്ടി മരണ വെപ്രാളത്തോടെ.
ഒരു വാക്ക് ചൊല്ലാതെ മടങ്ങുന്ന നീ.
ഉരിയാടാന്‍ കാത്തു ഞാന്‍ തനിയെ...
എങ്കിലും മൌനത്തില്‍ വാക്കുകളുടെ പൂമരങ്ങള്‍ ...

Wednesday, February 8, 2012

പ്രണയം തൂങ്ങുന്ന യാത്രകള്‍ ..

നിന്റെ മൌനം എന്നില്‍ കനം വയ്ക്കുമ്പോള്‍ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം പോലെ ഹൃദയം... പരിസങ്ങളില്‍ വീശുന്ന ഏതു കാറ്റാണ് മൊട്ടു സൂചിയായി എന്നില്‍ .
എനിക്കൊന്നു തുളയണം,
അതുവഴി പെയ്യണം.
എന്റെ കനം അങ്ങനെ ഒഴുകി പോകുമെങ്കില്‍ ..

പിന്നെ ഞാനും മൌനത്തിലേക്ക്‌ പിന്‍വാങ്ങാം. നിന്റെ നിഴല്‍ പോലും കണ്ടില്ലെന്നു നടിച്ചു ഏകാന്ത പാതയില്‍ അങ്ങനെ ഏകാന്തമായി യാത്ര തുടരാം. ഞാനെന്റെ നിഴലിനെ ഭക്ഷിച്ചു വിശപ്പടക്കാം. ഏതെങ്കിലും വഴിവക്കില്‍ നീ എന്നെ തിരിച്ചറിയുമ്പോള്‍ ഞാന്‍ മടങ്ങി വരാം...
അതുവരേക്കും ഞാന്‍ നിന്നെ ഓര്‍ത്ത്‌ പാടി കൊണ്ടിരിക്കും..
മീരാ, നിന്റെ കണ്ണീരിന്റെ തിളക്കമോ എന്റെ ഹൃദയത്തില്‍ ഇടനാഴിയില്‍ ഉതിച്ചു നില്‍ക്കുന്ന നക്ഷത്രം.
ജാലകം വഴി കിനിഞ്ഞിറങ്ങുന്ന പ്രകാശം നിന്റെ പ്രണയമോ?
നീ നിന്റെ വിരലുകള്‍ വായുവില്‍ വരക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ പോറല്‍ വീഴുന്നു.

ഒലിവു മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നത് പ്രണയം തൂങ്ങിയിട്ട്. ഞാനും മുന്നോട്ടു ചാഞ്ഞു നടക്കുന്നു. എന്റെ ഉള്‍ക്കണ്ണില്‍ പൊടി പരത്തുന്ന കാറ്റില്‍ ചാഞ്ഞു ചാഞ്ഞു നീങ്ങുന്ന നീ.
ഞാന്‍ എങ്ങനെയോ അതുപോലെ നീയും...

നിന്റെ നിശബ്ദത എന്നില്‍ പ്രണയമായി ആളുന്നു.
നാളത്തിന്റെ ബ്ലേഡ് മൂച്ച ഹൃദയത്തെ അരിഞ്ഞിടുന്നു.
കടന്നു പോകുന്ന വീഥിയില്‍ വിരലുകള്‍ വായുവില്‍ ചിത്രം വരക്കുകയല്ല. കാഴ്ചയില്‍ ഭ്രാന്തമെന്നു തോന്നിയേക്കാം. ഞാന്‍ നിന്നെ വാരിയെടുക്കാന്‍ തിടുക്കപ്പെടുകയും.
നീ എവിടെയുമുണ്ടല്ലോ!

Tuesday, February 7, 2012

മീരയോട്‌...

പാതിരാത്രിയില്‍ ആള്‍ക്കൂട്ടം ഒഴുകി തീര്‍ന്നപ്പോള്‍ വീഥിയില്‍ ഞാന്‍ തനിയെ. അപ്പോള്‍ മാത്രമാണ് അറിഞ്ഞത് നഗര കവാടങ്ങള്‍ തുറന്നു കിടക്കുന്നത്.
തെരുവിന്റെ അവകാശികളായി ചാവാലിപ്പട്ടികള്‍ ,
എല്ലില്‍ തൊലി പുതഞ്ഞ ഉടലുകള്‍ ...
അടഞ്ഞ പീടിക വരാന്തയുടെ സൂക്ഷിപ്പുകാര്‍ ...
ഇവിടെയാണ്‌ നില്‍ക്കുന്നതെങ്കിലും ഞാന്‍ ഇവിടെയല്ലല്ലോ എന്ന് ചിന്ത. ഒഴുകുകയാണ്. അറിയാത്ത ഇടങ്ങളിലേക്ക്. പരിസരങ്ങളില്‍ നീയും. കാന്തം പോലെ ...
നെഞ്ചില്‍ മുറുകുന്ന കാന്തവും തരിപ്പും.
നെഞ്ചില്‍ ആളുന്ന തീയോടെ ഞാന്‍ ഭ്രാന്തമായി അലറുന്നുണ്ട്. എന്റെ സ്വരം പരിസരങ്ങളെ മുറിപ്പെടുത്തുന്നില്ല. നിന്റെ സാന്നിധ്യത്താല്‍ പരിസരം പ്രണയമയം.
പ്രണയത്തെ മുറിപ്പെടുത്തരുതല്ലോ!
അത് ഞാനും നീയും തമ്മിലുള്ള കരാറാണ്. സഞ്ചാരത്തിന്റെ തുടക്കത്തില്‍ മുഖമില്ലാതിരുന്ന കാലത്ത് മൌനമായി എടുത്തൊരു പ്രാര്‍ത്ഥന. പ്രണയത്തെ പെയ്യാന്‍ വിടണമെന്ന്. അതുവഴി നാം തോരാതെ നില്‍ക്കണമെന്നും.
കാലമെന്ന തീവണ്ടിമുറിയില്‍ പെട്ടതോടെ ബോഗികള്‍ നമ്മെ ചതിച്ചു. പലായനങ്ങളെ തിരിച്ചു വിടുകയും. ഇന്ന് ഞാന്‍ നിന്നിലേക്കുള്ള വഴിയറിയാതെ...

നിന്റെ സ്വരം ഇത് വരെ അറിഞ്ഞിട്ടില്ല.
നിന്റെ മുഖം ഇനിയും വെളിപ്പെട്ടിട്ടില്ല.
നിന്റെ ഗന്ധം പരിസരങ്ങളില്‍ വീശിയിട്ടില്ല.
എങ്കിലും കണ്ടതിനേക്കാള്‍ , അറിഞ്ഞതിനേക്കാള്‍ ഏറെയായി നിന്നെ.
നീയെന്നും വയലറ്റ് നിറമുള്ള ഉടയാടയോടെ എന്നെ വീര്‍പ്പു മുട്ടിക്കുന്നു.
എന്റെ മീരാ,
ആ നാമത്തില്‍ എല്ലാമുണ്ടല്ലോ! എന്റെ പാതകളും സഞ്ചാരങ്ങളും എന്റെ ശ്വാസവും.


Monday, September 26, 2011

പ്രണയത്തിന്റെ തുറസ്സില്‍

ചിതയിലെ ഉടലില്‍ അഗ്നി പാറിപ്പിടിക്കുന്നത് പോലെ എന്നില്‍ നീ..
അഗ്നി ഉടലിലും പ്രണയം ആത്മാവിലും... നീറുകയാണ്, പരിതിയില്ലാത്തെ പ്രണയത്തിന്റെ ആകാശങ്ങള്‍  എനിക്ക് മുന്നില്‍ ചിറകു വിരിക്കുകയും.. എവിടെക്കെല്ലാമോ എന്നെ നയിക്കാന്‍ വെമ്പുന്ന പ്രണയത്തിന്റെ പിടിവലി...
ഞാന്‍ നിന്നില്‍ നിന്നും തെന്നുകയല്ല, കൂടുതല്‍ കൂടുതല്‍ ആ മൌന പ്രാര്‍ഥനക്ക് അടിപ്പെട്ട്... എത്രമേല്‍ അലിഞ്ഞു ചേര്‍ന്നിട്ടും പിന്നെയും പിന്നെയും ആവേശത്തോടെ....
പ്രണയമേ, നിനക്ക് ആവുംവിധം എന്നെ തിന്നു തീര്‍ക്കുക... ചിതയില്‍ നിന്നും എവിടെക്കോ വിശപ്പകറ്റി അഗ്നി മറയും പോലെ നീയും മറഞ്ഞെക്കുക....
എത്ര മറവിലും ഞാന്‍ നിന്നില്‍ തന്നെയല്ലോ...
അപ്പോഴും എന്നില്‍ ആ തോരാ വേദനയുണ്ടെങ്കില്‍ ഞാന്‍ പ്രണയത്തിലല്ലോ...

Thursday, September 15, 2011

മഞ്ഞ നിറമുള്ള ഏകാന്തത

ഒലിവിലകളിലെ കാറ്റ് എന്നെ വല്ലാതെ വിവശനാക്കുന്നു...  ഇട നെഞ്ചില്‍ കടുത്ത നിറത്തില്‍ കനല്‍ക്കട്ട... നീറുകയാണ്... കനല്‍ക്കട്ടയോളം എരിയാന്‍ വെമ്പുന്ന ഹൃദയം. നാം ആ കടുത്ത ചോരപ്പിലേക്ക് അലിഞ്ഞു ചേരുന്നതായി...
മഞ്ഞ ഏകാന്തത.. ആരെല്ലാമോ നടന്നു പോയ പാത. മരപ്പലക കൊണ്ട് പണിത കൂര. അതിനകത്ത് കാലു കുത്തുമ്പോള്‍ സഞ്ചാരികളുടെ മണം പിടിക്കാന്‍ മനം വെമ്പി. എനിക്ക് മുന്നേ പോയവര്‍ ....
മുറ്റത്ത് മഴ തുള്ളി വരച്ച വളയങ്ങള്‍ ഇപ്പോള്‍ ഓര്‍മയില്‍ ഇരമ്പി കയറുന്നതെന്തേ.. ആ കുട്ടിയിലേക്ക്‌ ഞാന്‍ തുടരെ എറിയപ്പെടുന്നു.. അവിടേക്ക് തിരിച്ചു ഞാന്‍ ഇവിടേയ്ക്ക് നോക്കുന്നു. അന്ന് ഇത് പോലൊരു രംഗം എന്നില്‍ ഉണ്ടായിരുന്നോ..
ഇല്ല..
എന്തിനു അന്നത്തെ ആ വളയങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്നു പോലും ഓര്‍ത്തില്ല.
മീരാ ആ ജലവളയത്തിന്റെ ആയുസ്സേ ജീവിതത്തിനുള്ളൂ.. ഓരോ വളയവും ഓരോ അവസ്ഥയാണ്.. ഓരോ അവസ്ഥയും മരിക്കുകയും മറ്റൊന്നിലേക്കു പിറക്കുകയും..
പുരാതനമായ കാലത്ത് ഒലിവിലകളില്‍ അലയടിച്ചത് തന്നെ നമ്മില്‍ .. കാലവും വേഷവും മാറുന്നു എന്ന് മാത്രം. അത് അത് തന്നെ... നമുക്ക് ശേഷവും അതുണ്ടാവും...
മധുരമുള്ള അസ്വസ്ഥത പകര്‍ന്നു കൊണ്ട് ചിത്രങ്ങള്‍ .. മരപ്പലകയില്‍ എന്റെ ഹൃദയം തൂക്കി, ക്യാന്‍വാസായി കണ്ടു ഞാന്‍ മറ്റൊരു ചിത്രം പണിയട്ടെ.. എനിക്കോ നിനക്കോ അറിയാത്ത എന്നെ... വരക്കുമ്പോള്‍ ചിത്രം പൂര്‍ണമാകരുതെ എന്ന പ്രാര്‍ത്ഥന.
ചിത്രമാകുന്നതോടെ പിന്നെ നാമില്ലല്ലോ!
പ്രണയം പ്രാര്‍ഥനയോ സ്മരണയോ?
ധ്യാനം കലര്‍ന്നൊരു പുഞ്ചിരിയോ...
പ്രാണനില്‍ ഇടിച്ചിറങ്ങിയ കനല്‍ക്കട്ടയുടെ വിങ്ങലോ.....

Tuesday, September 13, 2011

തുള്ളി

ധ്യാന പീഠത്തില്‍ സാന്ദ്രമാകുന്ന കാറ്റില്‍ ഇലക്കുമ്പിള്‍ പോലെ ഹൃദയം ചരിച്ചു തരുന്നു... തണുക്കട്ടെ! ഉന്മത്തതയുടെ സംഗീതത്തിലൂടെ ധ്യാനമായി മാറട്ടെ.
മരത്തിനപ്പുറം നീണ്ടു കിടക്കുന്ന നിഴല്‍ ഇരുട്ടില്‍ അലിയുന്നത് പോലെ നമുക്ക്... രാത്രിയുടെ തുറസ്സിലൂടെ ഉടലില്ലാതെ അലയാം.
സ്വരങ്ങള്‍ കൂടി ഒഴിയുമ്പോള്‍ നമുക്കാ നിശബ്ദതയാവാം. പിറവിക്കു മുമ്പേ ഏകാന്ത താഴ്വരയില്‍ കെട്ടി കിടന്ന ആ തുള്ളിയുടെ വിശുദ്ധിയിലേക്ക്..

Thursday, September 8, 2011

പ്രണയം എന്നെ തിരയുന്നത്...

നാലുവരിപ്പാതയിലൂടെ പായുന്ന വാഹനങ്ങള്‍ ... വെളിച്ചത്തിന്റെ പൊട്ടുകളിലാണ് ഞാനിന്നു സഞ്ചാരമറിയുക... ഓരോ സഞ്ചാരവും ഓണത്തിലേക്ക്.... ഓണമില്ലാത്ത മരുഭൂമിയില്‍ ഇങ്ങനെ നിന്ന് പണ്ടത്തെ ഓണങ്ങളെ  പെറുക്കിയെടുത്തു അനുഭവിക്കാം.
കൊയ്ത്തു കഴിഞ്ഞ പാടത്തെ കറ്റകളുടെ നറുമണം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി നിന്റെ വിളി അറിയുന്നത്.. ചങ്ങാലിപ്രാവിന്റെ ആ തേങ്ങല്‍ ഒരിക്കല്‍ എന്നില്‍ നിന്നും അടര്‍ന്നു പോയ നിന്റേത്... യുഗങ്ങള്‍ തോറും ആവര്‍ത്തിച്ചു എന്റെ കാലത്തിലേക്ക്...
തുടര്‍ന്നുള്ള യാത്രയില്‍ നീ അങ്ങനെ എന്നില്‍ തേങ്ങികൊണ്ടിരുന്നു... മലകളും തോടുകളും പതുക്കെ നഷ്ടപ്പെടുകയും... എന്തിനു പഞ്ചപാണ്ഡവന്മാര്‍ താവളം കൊണ്ട മുടുക്കുഴി വെട്ടി നിരത്തുകയും അവിടെ ജില്ലാപഞ്ചായത്തിന്റെ കെട്ടിടം പണിയുകയും. ഇന്ന് ആ സ്ഥലത്തെ കുറിച്ച് മുടുക്കുഴിയെന്നും അരക്കില്ലം എന്നുമുള്ള പേര് നമ്മില്‍ മാത്രം ഒതുങ്ങുന്നു.  പരിസരത്തെ പാടം നികന്നപ്പോള്‍ പാഞ്ചാലിക്കുളവും ഇല്ലാതായി...
തൃക്കാക്കര എന്നത് തൃക്കാല്‍കരൈ എന്നതില്‍ നിന്നും ഉണ്ടായത്.. തൃക്കാല്‍ പതിഞ്ഞ ഇടം.. എങ്കിലും തൃക്കാക്കര ഒരിക്കല്‍ ജൈനന്റെത് ആയിരുന്നു എന്ന് ലോകം മറന്നു... കുടിയിറക്കപ്പെട്ട ജൈനന്‍ താവളം കൊണ്ട ഇടമാണ് ഇടപ്പള്ളി എന്നും അറിയാതായി... ജൈന ഭാഷയായ ഇടപ്പള്ളി എന്നത് ഇടത്താവളം എന്ന് എത്രപേര്‍ അറിയുന്നു. തൃക്കാക്കരയുടെ പടിഞ്ഞാറ് ഭാഗം വാഴക്കാല മുതല്‍ കടലായിരുന്നു എന്നും ഓര്‍ക്കുക.. ഒരിക്കല്‍ കടല്‍ തന്ന ഇടം. ഒരിക്കല്‍ കടല്‍ അത് മടക്കി എടുത്തേക്കും.
കണ്ണടച്ച് കാതടച്ചു ഇങ്ങനെ ഇരിക്കുമ്പോള്‍ വല്ലാത്തൊരു ഇരുട്ട്. അതിനുള്ളില്‍ മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം. അതെനിക്ക് പുറകോട്ടു സഞ്ചരിക്കാനുള്ള സിഗ്നല്‍ ..
എന്നെ തിരഞ്ഞു പോയി ഏതോ ഇല്ലത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ നിശ്ചലം നിന്നുപോയി...
ഞാന്‍ ആരാണ്?
എവിടെയാണ് എന്റെ വേരുകള്‍ ...
എനിക്കൊന്നുമറിയില്ല.
മീര ഞാനിന്നു അറിയുന്നത് ഇത്രമാത്രം; എന്റെ ഇന്ദ്രിയങ്ങളില്‍ നീ പാറുമ്പോള്‍ മുക്തിയുടെ സംഗീതം അനുഭവപ്പെടുന്നു. ഇതുവരെ കുറിച്ചതും, ഇവിടെ തങ്ങിയതും മറന്നു മറ്റൊരു ലോകത്തേക്ക് പുറപ്പെടാന്‍ ആയോ? അങ്ങനെയാവണം. ഏതോ ഒരു തോണി എനിക്കായി കാത്തു കിടക്കുന്നു. അല്ലെങ്കില്‍ പാതകള്‍ ജനിക്കാന്‍ കാത്തു കിടക്കുന്നു.
പ്രണയം വാക്കുകളില്‍ നിന്നും അടര്‍ന്നു ദിവ്യമായ ഒഴുക്കിലെത്തുന്നതിനു വേണ്ടിയാണ് 
പിറവികള്‍ ‌. പിറവിക്കു മുമ്പേ തീരുമാനിക്കപ്പെട്ടത്‌, നാം ഒന്നാവണം എന്ന്....
മരുക്കാറ്റില്‍ ദര്‍വീസുകള്‍ വാചാലമാകുന്നത് പ്രണയത്തിന്റെ നെടുവീര്‍പ്പിലാണ്.
ഇരുട്ടിലലിഞ്ഞ ഒട്ടക നിഴല്‍ പോലെയാണ് ദേഹിയും ദേഹിയും ചേരുമ്പോള്‍... നീ എന്ന പദത്തില്‍ നിന്നും ഞാനെന്ന ഉണ്മയിലേക്കുള്ള സഞ്ചാരം...

മരുക്കാറ്റ്  നിശബ്ദമാകുന്നു
മരുഭൂമി വീര്‍പ്പടക്കുകയും,
പ്രണയത്തിന്റെ ഒറ്റത്താരകയെ
കയറൂരി വിട്ട്‌
ഓരോ ഉടലും മയങ്ങുന്നു... 

Saturday, July 2, 2011

കാഴ്ചകള്‍ക്കപ്പുറം

 വളരുന്തോറും എങ്ങുമെത്തിയില്ല എന്ന ബോധം പ്രണയത്തിനു മാത്രമെങ്കില്‍ ഞാനിന്നു പ്രണയത്തിലാണ്... കണ്ണ് തുറന്നു വെളിച്ചമെന്ന് തിട്ടമില്ലാതെ കണ്ണഞ്ചിയതും; പിന്നെ കണ്ണ് തുറന്നത് മരണത്തിലെക്കെന്നു അറിഞ്ഞതും പ്രണയം എങ്കില്‍ ഞാനിന്നു പ്രണയത്തിലാണ്...
എന്റെ അനുവാദമില്ലാതെ ജനിമൃതികള്‍ .. എങ്കില്‍ അതിനിടയിലുള്ള ഇത്തിരി ഇടവേള എന്റെതാക്കരുതോ?

പ്രണയികള്‍ നിഷേധികള്‍ എന്ന് കാറ്റ്... അവര്‍ അന്വേഷകരെന്നും... സ്വയം കണ്ടെത്തുന്നവര്‍ ...

ഇന്ന് തമ്പില്‍ മൌനം കത്തുന്ന വെളിച്ചം. സംസാരത്തെക്കാള്‍ ഭാഷയ്ക്ക്‌ കരുത്ത് മൌനത്തിലെന്ന്...
ഒരിക്കല്‍ മൌനവും പൊട്ടും. കാണാത്ത ഒരു സാഗരമായി മാറുകയും... അന്ന് എനിക്ക് നിന്നെയോ നിനക്ക് എന്നെയോ കാണാന്‍ ആവില്ല...
സാഗരത്തില്‍ തുള്ളികള്‍ അപ്രസക്തമെന്ന പോലെ നാം ...

Wednesday, June 29, 2011

തനിയെ....

കൂട്ടം തെറ്റിയ കിളി വരച്ച ചിറകിന്റെ ഭാഷയാണ്‌ എനിക്ക് പ്രണയം. ഹൃദയത്തെ ബ്രഷ് പരുവമാക്കി നിന്നില്‍ നിറം കോരി എറിയുകയും... എന്റെ ഭാഷ ചമയ്ക്കുന്നത് ബ്രഷാണ്. ശൂന്യത്തില്‍ നിന്നെന്ന പോലെ നീയെന്നില്‍ തഴച്ചു വളരുന്നു...
നീ ബാക്കി വയ്ക്കുന്ന ഓരോ സ്വരവും ചിലത് പറയുന്നുണ്ട്. എത്രമേല്‍ കൂട്ടിയിട്ടും കൂടാത്ത ചില പദങ്ങള്‍ വഴങ്ങാതാവുകയും.... താളം കൊട്ടിയ തീവണ്ടിയുടെ പുക അലിഞ്ഞില്ലാതാവുന്നത് നോക്കി നിന്ന ഇടങ്ങളിളൊക്കെ നീയുണ്ട്..
നിന്നിലേക്ക്‌ ഒഴുകുന്ന പ്രണയം പതിന്‍ മടങ്ങ്‌ ശക്തിയോടെ എന്നില്‍ തിരിച്ചെത്തുമ്പോള്‍ ഞാന്‍ പറയും, നാം പ്രണയത്തിലാണ്...
സ്വയം നഷ്ടപ്പെടുക, എങ്കിലേ എന്തെങ്കിലും നേടാനാവൂ എന്ന് കാറ്റ്. നഷ്ടപ്പെടലിന്റെ പൂര്‍ണത ആന്തരിക ചൈതന്യത്തെ സ്പര്‍ശിക്കുകയും.. എന്താണോ തേടിയത്, അത് തിരിച്ചറിയുന്നു..
പൂര്‍ണ നിദ്രയിലൊരുവന്‍ നിദ്രാ സുഖം അനുഭവപ്പെടാത്തത് പോലെ പ്രണയത്തില്‍ ആകുന്നതോടെ പ്രണയ സുഖം നഷ്ടപ്പെടുന്ന എന്നും....
എനിക്കൊന്നും അറിയില്ല.....
എങ്ങനെയെന്നോ, അലാറം വച്ച് കിടക്കുക, വെളുപ്പാന്‍ കാലത്ത് അതിന്റെ സ്വരത്തില്‍ പഴിച്ചു കൊണ്ട് ഉണരുക. തുടര്‍ന്നുള്ള ഉറക്കത്തിലെക്കുള്ള മടക്കമാണ് സുഖം. അത് പോലെ പ്രണയത്തില്‍ അല്ലാത്ത അവസ്ഥയിലാണ് പ്രണയത്തെ അറിയുക. അനുഭവിക്കുമ്പോഴോ  അത് ഇല്ലാതാവുകയും.
കാറ്റോ ഞാനോ ശരി എന്നറിയാതെ ഈ പാതയില്‍ തനിയെ.....

പറയാനോങ്ങിയത്

നേര്‍ത്ത വരയുടെ അപ്പുറവും ഇപ്പുറവുമെന്ന പോലെ എത്രയോ ആയി തുടരുന്നു.. ഒരു പദം മതി മൌനത്തെ തകര്‍ക്കാന്‍ ... ഇടക്കെപ്പോഴോ ഓര്‍ത്തു, പറഞ്ഞെങ്കിലോ, നീയും ഞാനും ഒരേ സമയം മാവിലെക്കെന്ന പോലെ ഓങ്ങി.. ഒരേ സമയം വേണ്ടെന്നു വച്ച് മടങ്ങുകയും..
അഗ്നിപര്‍വതത്തിനു എത്രകാലം പുകയാനാവും. അതിന്റെ അവധിക്കു പൊട്ടി തെറിക്കുക തന്നെ. പിന്നെ അത് മറ്റൊന്നാവുകയും...
പുഞ്ചിരിയെക്കാള്‍ വേഗം കത്തുന്ന മൌനത്തിന്... നീ വച്ചതും ഞാന്‍ നിനച്ചതും ഒന്നുതന്നെ... ഇരുട്ടില്‍ വരകള്‍ നഷ്ടപ്പെടുമ്പോള്‍ പടിഞ്ഞാറന്‍ കോണിലെ കലങ്ങിയ മേഘക്കൂട്ടായി... കടലിലോ ആകാശത്തോ...
ഇനി എവിടെയും തിരയേണ്ടതില്ല നിന്റെ വീര്‍പ്പുമുട്ടിയ വരികള്‍ അത് വ്യക്തമാക്കുന്നു...
ഇന്ന് കണ്ണാടിയില്‍ കണ്ടത് എന്നെയല്ല, നിന്നെ...
എന്നിലുള്ളതു നിന്നില്‍ അര്‍പ്പിക്കുമ്പോള്‍ ഞാന്‍ ശൂന്യമാവുകയല്ല, പെരുക്കുകയാണ്... എന്നിലെ കളങ്കം അത്രയും എടുത്തുമാറ്റി നീയെന്ന നിഷ്കളങ്കതയില്‍ നിറയുകയും...